മുണ്ടക്കയം: ദേശീയപാത 183ല് കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ സീബ്രാലൈനുകളും ഡിവൈഡർ ലൈനുകളും മാഞ്ഞു. അന്തർ സംസ്ഥാന പാതകളിൽ പ്രധാനപ്പെട്ട റോഡാണ് കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത. എന്നാൽ റോഡിന്റെ അവസ്ഥ പല ഭാഗങ്ങളിലും ശോചനീയമാണ്. സംസ്ഥാനപാതകൾ പോലും ദേശീയ നിലവാരത്തിൽ നവീകരിക്കുമ്പോഴാണ് അവഗണനയുടെ നടുവിൽ കൊട്ടാരക്കര-ദിണ്ഡിക്കൽ ദേശീയപാത നിൽക്കുന്നത്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ദേശീയപാതയിലെ പലഭാഗത്തും ഡിവൈഡർ ലൈനുകളും സീബ്രാലൈനുകളും മാഞ്ഞിട്ട് നാളുകൾ പിന്നിട്ടു. ചിറ്റടി അട്ടിവളവ്, എസ്എൻഡിപി വളവ്, മുപ്പത്തൊന്നാംമൈൽ വേബ്രിഡ്ജ് വളവ്, പൈങ്ങനയിലെ കൊടുംവളവുകൾ എന്നി വിടങ്ങളിലൊന്നും ഡിവൈഡർ ലൈനുകളില്ല.
പൈങ്ങന പാലം മുതൽ മുണ്ടക്കയം ടൗൺ വരെ റോഡിന്റെ ഒരു വശത്തും ഡിവൈഡർ ലൈനുകൾ കാണാനില്ല. കാലപ്പഴക്കത്താൽ വരകൾ മാഞ്ഞതോടെ അപകടങ്ങളും വർധിക്കുകയാണ്. സീബ്രാലൈനുകളുടെ അഭാവത്തിൽ രാത്രികാലങ്ങളിൽ മൂടൽമഞ്ഞുകൂടി ഇറങ്ങുന്നതോടെ വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മുണ്ടക്കയം ടൗണിലെ പ്രധാന ജംഗ്ഷനുകളിലും സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു. ഇതോടെ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ പണയം വച്ചാണ്. അടിയന്തരമായി സീബ്രാലൈനുകളും ഡിവൈഡർ ലൈനുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.